വത്തിക്കാൻ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ യുഎസ് അംബാസഡറുടെ ഔദ്യോഗിക വസതി ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തു.
ശനിയാഴ്ച ഇറ്റാലിയൻ ദ്വീപായ ലാംപെദൂസയിൽ നടത്തിയ ഹ്രസ്വ സന്ദർശനത്തിനുശേഷം വത്തിക്കാനിൽ തിരിച്ചെത്തിയാണ് വൈകുന്നേരത്തെ വിരുന്നിനായി മാർപാപ്പ അംബാസഡർ ബ്രയാൻ ബർച്ചിന്റെ റോമിലെ ജാനിക്കുളും കുന്നിൽ സ്ഥിതിചെയ്യുന്ന വസതിയിലേക്കു പോയത്. അദ്ദേഹവും കുടുംബാംഗങ്ങളും അമേരിക്കൻ നയതന്ത്രപ്രതിനിധികളും ചേർന്ന് മാർപാപ്പയെ വരവേറ്റു.
ഒരു സഹഅമേരിക്കക്കാരനായ മാർപാപ്പയോടൊപ്പം ഈ പ്രത്യേക ദിവസം ആഘോഷിക്കാൻ കഴിഞ്ഞതിൽ താൻ അതീവ ബഹുമാനിതനാണെന്ന് സന്ദർശനത്തിനുശേഷം അംബാസഡർ ബ്രയാൻ ബർച്ച് പ്രതികരിച്ചു.
ഒന്പത് കുട്ടികളുടെ പിതാവായ ബ്രയാൻ ബർച്ച് കത്തോലിക്കാവിശ്വാസിയാണ്. അമേരിക്കയിലെ കത്തോലിക്കാവിശ്വാസികളെ പൊതുജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും സജീവമാക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ‘കാത്തലിക് വോട്ട്’ എന്ന സംഘടനയുടെ സഹസ്ഥാപകൻകൂടിയാണ് അദ്ദേഹം.
2025 സെപ്റ്റംബറിലാണ് ബർച്ച് വത്തിക്കാനിലെ യുഎസ് അംബാസഡറായി ചുമതലയേറ്റത്.
പ്രോട്ടോക്കോളുകൾ മറന്ന് മാർപാപ്പ യുഎസ് അംബാസഡറുടെ വസതി സന്ദർശിച്ചത് അമേരിക്കയിൽ വലിയ ചർച്ചയായിട്ടുണ്ട്.